Tuesday, September 6, 2011

വെള്ളമയിലും ചുവന്നു കറുക്കുന്ന പെണ്ണത്തവും

മുറ്റമടിക്കുന്ന അമ്മ
മയില്‍ തന്നെയായിരുന്നു.
മുറ്റമടിക്കുന്ന വെള്ളമയില്‍''
                  -വിനു ജോസഫ്
ഓരോ വായനയിലും ഒത്തിരി വ്യാഖ്യാനങ്ങള്‍ ഉള്ളില്‍ ബാക്കിയാക്കി
ഒരു സമാഹാരം. .. പള്ളിമുറ്റത്തുനിന്നു കുന്നിന്‍ ചരിവ് വഴി കടലോര ത്തേക്ക്
ഒരു കഴുന്നു പ്രദക്ഷിണം . പള്ളി ക്കൂട വളപ്പിലെവിടെയോ മറഞ്ഞുനിന്നു മാഷിനെ കൊഞ്ഞനം കുത്തി പിന്നെ വരാമെന്ന് ആഗ്യം കാട്ടി   അമ്മയുടെ ചെളി പുരളാത്ത അടുക്കിന്‍ ചുവട്ടിലേക്ക്‌ ഓടിമറയുന്നുണ്ട് കവിത. ഇടയ്ക്കെവിടെയോ ചില നിഗൂഡ സ്ഥലികള്‍ ... ഒളിപ്പിക്കപ്പെടുന്ന മൌന വും ഒലിച്ചിറങ്ങുന്ന കറുത്ത നദിയും . കവിതയില്‍ ജീവിതമിറ്റുന്നു.... ആര്‍ത്തലക്കുന്ന തിരപോലെ ... അമ്മയുടെ വ്യഥപോലെ....

..... പുഴുപ്പല്ലന്‍ ജോസഫിനൊപ്പം ഒന്നാം ക്ലാസ്സില്‍ നിന്നും ...


മുട്ടയുളുമ്പ് മണക്കുന്ന നാലുമണി നേരങ്ങളില്‍
ചക്കരയുമ്മ എറിഞ്ഞുതന്ന്
ബസ്‌ കയറ്റിവിടുന്ന എല്‍ബിന് ....
ചോറ്റു പാത്രത്തില്‍ അക്ഷരമെഴുതിക്കാട്ടി
ഉരുളകള്‍ക്കായി കണ്ണെറിയുന്ന ഞൂഞ്ഞിപ്പെണ്ണിന്......
കാണാതെ പോകുന്ന ക്രയോണ്‍ കഷണങ്ങള്‍ ഒക്കെ
കറുത്ത പല്ലുകളായി മുളച്ചു വരുന്നതും കാത്തിരിക്കുന്ന
ക്ലാസ്സ്‌ മോണിട്ടര്‍ എബ്രിക്ക് .....
രാവിലെ ഇലഞ്ഞിപ്പൂമാലയുമായി കാണാനെത്തിയ
ശ്രീക്കുട്ടിക്ക്‌ ....
നാലുവര്‍ഷം ഒപ്പമുണ്ടായിരുന്ന ടെന്നപ്പന് ,
ബാലരമയിലെ കുഞ്ഞു കഥകള്‍ക്ക് ......
വിളിക്കാതെ കയറിവന്നു കൌതുകം വിളമ്പുന്ന
കോടമഞ്ഞിനും കാറ്റിനും ...
പാപ്പി ചേട്ടന്റെ കട്ടന്‍ കാപ്പികള്‍ക്ക് ....
മണിക്കൂറുകള്‍ നീളുന്ന പെട്ടിപ്പുറം യാത്രയുടെ ഇടവേളകളില്‍
നഷ്ടപ്പെട്ട അക്ഷരങ്ങളെ ഓര്‍മിക്കുന്ന
ഡ്രൈവര്‍ മനോജിന്‌.....
ഒരിക്കലും നടുനിവര്‍ത്താന്‍ കഴിയാത്ത NH 220 ക്ക് ......
ഒത്തിരി സ്നേഹത്തോടെ നന്ദി .....
ഈ അദ്ധ്യാപക ദിനത്തില്‍ ........
നമുക്ക് യാത്ര തുടരാം ...............................

Friday, June 17, 2011

ഓരോ പെണ്ണും ഒരു ചോദ്യ ചിഹ്നമാണ്

പാദങ്ങളില്‍ സിന്ദൂരപ്പൊട്ടു ചുമക്കുന്നവര്‍.

അവസാനത്തെ തീവണ്ടി മുറിയിലിരുന്ന്

ബോധിവൃക്ഷത്തണലിനെ സ്വപ്നം കാണുന്നവര്‍.

ഇരുട്ടിന്റെ നട്ടെല്ലായി ആകാശത്തിലേക്കു

കയറിപ്പോകുന്നുണ്ട്‌ പാളങ്ങള്‍...

ഞെരിഞ്ഞിലും മുന്തിരിചെടിയും

ചരിത്ര ഭൂപടങ്ങള്‍ തിരുത്തി വരയുന്നിടത്ത്

മൌനം കനപ്പിച്ച ചിരിയുമായി

കപിലവസ്തുവിലെ പാട്ടുകാരന്‍,

റെയില്‍വേ അന്വ ണ്‍സ് മെന്റ് ജപിച്ച്‌

ഭജനമിരിക്കുന്നു.

ഇല്ലങ്ങളില്‍ ചുട്ടുകൊല്ലപ്പെടുന്ന എലികളുടെ വിലാപം

കനത്ത മേലാപ്പില്‍ തട്ടി പ്രതിഫലിക്കുമ്പോള്‍

ചോദ്യങ്ങള്‍ നിഴല്‍പീലി വിടര്‍ത്തിയാടുന്ന

കാലം വരുന്നുണ്ട് .

അപായചങ്ങല ദീനം പിടിച്ചു വിറയ്ക്കും.

കിഴക്കുദിക്കുന്ന സൂര്യനും കിഴക്കിന്റെ രാജാക്കന്മാരും

രക്തം കൊണ്ട് തീര്‍ത്ത ചുമര്ചിത്രങ്ങള്‍ക്ക്

ചിത്രലിപികളില്‍ അടിക്കുറിപ്പുകളെഴുതും.

കട്ടിപിടിച്ച ഇന്നലെകള്‍ ഓവ് ചാലുകളില്‍ കെട്ടിക്കിടക്കുന്നു ... ജന്മരഹസ്യം തേടി.

ചോദ്യങ്ങള്‍ ഉത്തരങ്ങളെ ചവിട്ടിമെതിക്കുന്ന

കാലം വരുന്നുണ്ട്.

സിന്ദൂരപ്പൊട്ടുകള്‍ കുടഞ്ഞെറിയണം.

പുത്തനൊരു പുളിവാറലുമായി

അടുക്കളയില്‍ അമ്മ നോക്കിയിരിപ്പുണ്ട്‌ .

കളിക്കിടയില്‍ പെങ്ങളെ കരയിച്ച്

വിയര്‍ത്തുകുളിച്ചു കയറിവരുന്ന കള്ളക്കോമരങ്ങളെയും കാത്ത്‌.

ജീവിതം...ചോദ്യോത്തര വേളകളിലൂടെ പുരോഗമിക്കുന്ന ഒരു ലൈവ് കുക്കറി ഷോ..................

വളഞ്ഞു പുളഞ്ഞോരാദ്യക്ഷരം
യുഗാന്തര ഗര്‍ഭാശയഗളം കട-
ന്നീര്പ്പത്തില്‍ തെന്നിവീ
ണെന്നാലും പിടഞ്ഞുണര്‍ന്ന
കാലത്തിന്‍ യോനീകവാടത്തില്‍വ-
ന്നെത്തി നോക്കിച്ചിരിച്ചു ചോദിച്ചു
വരണോ ഞാന്‍?

ചളിയും കിതപ്പും
വിയര്‍പ്പും കണ്ണിരുതിരുമ-
രസനാഗ്ര തിരുമുറ്റത്തൊരു
തിരി തെളിയിക്കവേ വാക്ക് ചോദിച്ചു
വരണോ ഞാന്‍?

പേറ്റിച്ചി തലതിരിചെന്‍
കാല്പിടിചെന്‍തു ടക്കടിച്ച്
എന്നെ കരയിച്ച നാ-
ളറിഞ്ഞു ഞാനിതെന്‍
ഇതിഹാസ പുസ്തക പ്രഥമ പര്‍വ്വം
ഉയിരിന്നോര്‍മ്മ പിഴവി ന്നിടയിലൂടെന്‍
കണ്ണീരു ചോദിച്ചു
ഇനിയെത്ര നാള്‍?

അരിതളിക ചേറി
ഗുരുവിന്‍ മടിതട്ടിലിരിക്കവേ
പേടിച്ചു കസവ്പുടവ നനച്ചു
പുറത്തുവന്നെന്‍ മൂത്രകണം
എന്നോട് ചോദിച്ചു
എപ്പോഴും വരണമോ കൂട്ടായി ഞാന്‍??

ദിനപ്പത്രതാളില്‍
കുനിയനുറുമ്പ് പോല്‍
അരിച്ചിറങ്ങുമക്കക്കൂട്ടങ്ങളില്‍
ഞാന്‍ എന്നെ തിരയവേ
കാറ്റു ചോദിച്ചു
തോറ്റു പോയോ.........?

ഒന്നുമുരിയാടാതെ
മൂര്‍ധാവില്‍ കാക്ക കാഷ്ടിച്ചവനെന്നപോ
ലെന്നോട് ഞാന്‍ ചോദിച്ചു
നാരുന്നതെന്തു ?? ജീവിതം തന്നെയോ?

ഫയല്‍ താങ്ങി നടയെണ്ണി കാലിച്ചായ കോപ്പകളേറ്റി
തലയേക്കാള്‍ മുന്പിലെന്‍ കാല്‍ സഞ്ചരിക്കവേ
തല കാലിനൊടായിപ്പറഞ്ഞു
പതുക്കെ നടക്കൂ
ലേശവും കൂസാതെ കാലു ചോദിച്ചു
തലയേ, എനിക്കും നിനക്കും തമ്മിലെന്ത്?

ഇത് ജീവിതം
ചോദ്യോത്തര വേളകളിലൂടെ
പുരോഗമിക്കുന്ന
ഒരു ലൈവ് കുക്കറി ഷോ.................

Sunday, February 6, 2011

രുചിയുടെ സുല്‍ത്താന്‍


ഇത് ഞങ്ങളുടെ സ്വന്തം ബേബിച്ചായന്‍.. പ്രിയദരശിനിക്കുന്നിലെ
അന്നദാതാവായ പൊന്നു തമ്പുരാന്‍. പുട്ട്-പഴം , പൊറോട്ട- കടല ദ്വന്ദ്വങ്ങള്‍ കൊണ്ട്
മനസ് കീഴടക്കുന്ന പ്രിയപ്പെട്ടവന്‍
പ്രഭാതങ്ങളില്‍ സ്ടീല് ബോഡി കാട്ടി ഒരു നില്‍പ്പുണ്ട്. പാമ്പാടി രാജന്‍ കഴിഞ്ഞാല്‍ പിന്നത്തെ തലയെടുപ്പ് ബേബിച്ചനുതന്നെയാ.

അടുത്ത ജന്മത്തില്‍ എനിക്ക് ഇവന്റെ കാമുകിയാവണം....

Friday, January 21, 2011