Sunday, August 30, 2009

കുറെ ‘ക‘യും കായും

കണ്ണിമാങ്ങക്കുലകളെ കൊല ചെയ്ത
കിരാതന്റെ കീശയിൽ കനത്ത കാശ്.
കാറ്റിലാടി കരഞ്ഞുകരഞ്ഞ്
കായില്ലാത്ത കോകിലമില്ലാത്ത കോലമായി
കാലം കഴിച്ചവൾ.
അച്ചാർ ഭരണിയിൽ ആരവങ്ങളില്ലാതെ
കുഞ്ഞുമക്കൾ, നീരുവന്നുവീർത്ത്
ദശയടർന്ന് സോമരസത്തിനകമ്പടിപോയി.
അകാലചരമം പ്രാപിച്ച
മക്കളുടെ സ്മരണയിൽ അമ്മ തേങ്ങി
കൊച്ചുമക്കളെ കണ്ടിട്ടു തടിമുറിയുവാൻ
പ്രാർത്ഥനകളോടെ.
അങ്ങനെയങ്ങനെ ഒരു ദിവസം
വലിയ വീട്ടിലെ കൊച്ചു മുതലാളി
‘പഞ്ചത്വം ഗതഃ‘,കണ്ണിമാങ്ങ തൊണ്ടയിൽ കുടുങ്ങി പോലും!
കിരാതൻ വീണ്ടും വന്നു.
അമ്മയുടെ നെഞ്ചത്തും മാറിലും
കോടാലി ആഴ്ന്നിറങ്ങി
കിരാതന്റെ കീശയിൽ വെള്ളിക്കാശ്
ആ ചിതയുടെ ഗന്ധത്തിൽ
നാട്ടിലെ മാവുകൾ വന്ധ്യകളായി
കീശയിലെ കാശിന്റെ കണ്ണിമാങ്ങക്കറകൾ
പതുക്കെ ഇല്ലാതായി.
അങ്ങനെയങ്ങനെ…… ഒരിക്കൽ
ചന്തമുക്കിലെ നാട്ടുമാവിന്റെ കൊമ്പിൽ
കിരാതൻ കിടന്നാടി
ഒറ്റക്കു പിറന്ന കണ്ണിമാങ്ങ പോലെ.
നാട്ടുകാർ അറിയുന്നതിനു മുൻപ്
ശവംതീനി നരിച്ചീറുകൾ
കണ്ണിമാങ്ങക്കു വില പറഞ്ഞു
ആർക്കും മനസ്സിലാകാത്ത ഭാഷയിൽ
എത്രയോ ‘ക‘
മൊഴി
മൊഴിയുവാൻ കഴിയാതെ
തൊണ്ടയിൽ ചൂഴ്ന്നുപോം
മൊഴിയെ ഞാനെങ്ങനെ
മൊഴിയെന്നു വിളിക്കും?
ഇടറുന്ന അക്ഷരക്കൂട്ടങ്ങളതിലെന്റെ
ആത്മാവിൻ താപവും ഗന്ധവും പൂക്കവേ,
അതിനെ ഞാനെങ്ങനെ
വാക്കെന്നു വിളിക്കും?
വെറും വാക്കായ് ഗണിക്കും?
ഉയിരൊരോർമ്മപ്പിഴവായ് യുഗാന്തര
മ്രുഗശീർഷവാതിൽ കടന്നു മറയവേ
ഇവിടെയൊരു കടലാസ്സു കൂനക്കു മുന്നിലായ്
അക്ഷരം മാന്തുന്ന കാവൽ നായായി ഞാൻ
മാറവേ, എന്നന്തരംഗത്തിലിന്നൊ-
രാദ്യക്ഷരത്തിന്നയവിറക്കൽ, ഇനി
പണത്തിൻ കീഴേ കിടക്കും പിണത്തിനും അക്ഷരം കാവൽ പടയാളിയാകട്ടെ

Saturday, August 29, 2009

ആർക്കറിയാം???????

അവന്റെ പ്രണയകഥ കേട്ട്
ഞാൻ പ്രണയമുപേക്ഷിച്ചു.
അവന്റെ കണ്ണുനീർ കണ്ട്
ഞാൻ ചിരിയുപേക്ഷിച്ചു.
അവന്റെ വിരഹം കണ്ട്
ഞാൻ കാത്തിരിപ്പുപേക്ഷിച്ചു.
അവന്റെ മെസേജുകൾ കണ്ട്
ഞാൻ ഫോൺ ഉപേക്ഷിച്ചു.
ഇപ്പോൾ,
ഇരുവർക്കും ഒരേ പ്രണയം, ഒരേ ചിരി, ഒരേ ഫോൺ.
ഇങ്ങനെയെത്രനാൾ….?
ആർക്കറിയാം……………
ചോദ്യം

നശിച്ച വിശ്വാസങ്ങളുടെ ബലിക്കല്ലിൽ
തലയടിച്ചു മരിച്ച സ്വപ്നങ്ങൾക്കു വയ്ക്കാൻ
ഏതു ചന്തയിൽ നിന്നാണ്
പുഷ്പചക്രങ്ങൾ വാങ്ങാൻ കഴിയുക?

അത്

മുറ്റത്തിനപ്പുറം വന്നുനിന്നുചിരിച്ച് കയ്യ് വീശി ഒന്നുമുരിയാടാതെ അത് തിരിച്ചു പോയി. ആ മുഖമോർത്തെടുക്കാൻ കഴിയുന്നതിനു മുൻപ് എന്റെ മറവിയെ അത് അടിമയാക്കി. പിന്നെ, എന്തിനായിരുന്നു ആ വരവ്?
ഇനി എന്നെങ്കിലും കണ്ടാൽ മുഖത്തുനോക്കി ചോദിക്കണമെന്നുണ്ട്.
പക്ഷെ,ഇനി അതു വരില്ലല്ലോ.
എന്റെ പഴയ വീടിന്റെ വാതിലുകൾ വീടിനേക്കാൾ പഴക്കമുള്ളവയാണ്. ഏറെ അപശബ്ദങ്ങൾക്കൊടുവിൽ അതു തുറക്കപ്പെട്ടപ്പോൾഅതിഥികൾ പോയ്മറഞ്ഞിരുന്നു.........

കവിത1

1 ജീവിതം

ബലിക്കാക്ക കൊത്തിക്കിഴിച്ചോ-
രിലക്കീറി-
ലൊടുവിലവശേഷിച്ച
വറ്റായി…….. ജീവിതം

പേര്

ഞാൻ നിന്നെ പേരുചൊല്ലി വിളിക്കുന്നില്ല
ഒരു പേരിലെന്തിരിക്കുന്നുവെന്ന്
വെറുതേ പറഞ്ഞൊഴിയുകയല്ല.
നിന്നെ ഞാൻ നീയെന്നു വിളിക്കാം.
സ്നേഹമില്ലാഞ്ഞിട്ടല്ല.
എന്നോടു ഞാൻ എന്റെ പേരുചൊല്ലി വിളിച്ചു
സംസാരിക്കാൻ തുടങ്ങുന്ന കാലത്തു നിന്നേയും പേരു വിളിക്കാം.
പേരുകൾ നമുക്കിടയിൽ കൂറ്റൻ മതിലുകൾ പോലെ.
അതു നീ നിന്നെ മറക്കാൻ ( മറയ്ക്കാനും)
എടുത്തണിഞ്ഞിരിക്കുന്ന മൂടുപടം പോലെ.
ഞാനല്ലാത്തതെല്ലാം നീ
നീയല്ലാത്തതെല്ലാം ഞാൻ
ഞാനും നീയും നമ്മൾ
നമ്മളല്ലാത്തതെല്ലാം അവർ
പിന്നെ പേരെന്തിന്?????????

Friday, August 21, 2009

ഓണം

വലിയ ബനാന i mean
നേന്ത്രപ്പഴം
small slices ആക്കി
oil-ല്‍ fry ചെയ്തു
crispy ആക്കി
use ചെയ്യുന്ന occations നെ
നമുക്കു generally
ഓണം എന്നു define ചെയ്യാം........