Friday, June 17, 2011

ജീവിതം...ചോദ്യോത്തര വേളകളിലൂടെ പുരോഗമിക്കുന്ന ഒരു ലൈവ് കുക്കറി ഷോ..................

വളഞ്ഞു പുളഞ്ഞോരാദ്യക്ഷരം
യുഗാന്തര ഗര്‍ഭാശയഗളം കട-
ന്നീര്പ്പത്തില്‍ തെന്നിവീ
ണെന്നാലും പിടഞ്ഞുണര്‍ന്ന
കാലത്തിന്‍ യോനീകവാടത്തില്‍വ-
ന്നെത്തി നോക്കിച്ചിരിച്ചു ചോദിച്ചു
വരണോ ഞാന്‍?

ചളിയും കിതപ്പും
വിയര്‍പ്പും കണ്ണിരുതിരുമ-
രസനാഗ്ര തിരുമുറ്റത്തൊരു
തിരി തെളിയിക്കവേ വാക്ക് ചോദിച്ചു
വരണോ ഞാന്‍?

പേറ്റിച്ചി തലതിരിചെന്‍
കാല്പിടിചെന്‍തു ടക്കടിച്ച്
എന്നെ കരയിച്ച നാ-
ളറിഞ്ഞു ഞാനിതെന്‍
ഇതിഹാസ പുസ്തക പ്രഥമ പര്‍വ്വം
ഉയിരിന്നോര്‍മ്മ പിഴവി ന്നിടയിലൂടെന്‍
കണ്ണീരു ചോദിച്ചു
ഇനിയെത്ര നാള്‍?

അരിതളിക ചേറി
ഗുരുവിന്‍ മടിതട്ടിലിരിക്കവേ
പേടിച്ചു കസവ്പുടവ നനച്ചു
പുറത്തുവന്നെന്‍ മൂത്രകണം
എന്നോട് ചോദിച്ചു
എപ്പോഴും വരണമോ കൂട്ടായി ഞാന്‍??

ദിനപ്പത്രതാളില്‍
കുനിയനുറുമ്പ് പോല്‍
അരിച്ചിറങ്ങുമക്കക്കൂട്ടങ്ങളില്‍
ഞാന്‍ എന്നെ തിരയവേ
കാറ്റു ചോദിച്ചു
തോറ്റു പോയോ.........?

ഒന്നുമുരിയാടാതെ
മൂര്‍ധാവില്‍ കാക്ക കാഷ്ടിച്ചവനെന്നപോ
ലെന്നോട് ഞാന്‍ ചോദിച്ചു
നാരുന്നതെന്തു ?? ജീവിതം തന്നെയോ?

ഫയല്‍ താങ്ങി നടയെണ്ണി കാലിച്ചായ കോപ്പകളേറ്റി
തലയേക്കാള്‍ മുന്പിലെന്‍ കാല്‍ സഞ്ചരിക്കവേ
തല കാലിനൊടായിപ്പറഞ്ഞു
പതുക്കെ നടക്കൂ
ലേശവും കൂസാതെ കാലു ചോദിച്ചു
തലയേ, എനിക്കും നിനക്കും തമ്മിലെന്ത്?

ഇത് ജീവിതം
ചോദ്യോത്തര വേളകളിലൂടെ
പുരോഗമിക്കുന്ന
ഒരു ലൈവ് കുക്കറി ഷോ.................

1 comment:

  1.  ജീവിതം എന്നത് ഒരു സ്വപ്നമാണ് ഒരിക്കലും കൈവിട്ട് പോകരുതേയെന്ന് നാം ആഗ്രഹിക്കുന്ന ഒരു വലിയ സ്വപ്നം സ്നേഹിക്കുന്നവർ കൂടെത്തന്നെ വേണം എന്ന സ്വപ്നം എന്നാൽ പല സ്വപ്നങ്ങളും ദു:സ്വപ്നങ്ങളാകുന്നു പലപ്പോഴും ഒറ്റയ്ക്കായിപോകുന്നൂ നാം.... അണ്ഡം ഭ്രൂണമായി വളർന്ന മനുഷ്യനായി പൂർണ്ണരൂപം പ്രാപിക്കുന്നു... പക്ഷേ ബുദ്ധിവികാസം പിച്ചവച്ച തുടങ്ങുന്നു.തുടങ്ങുന്നു..... ജീവിതം ഒരുപാട് പരീക്ഷണങ്ങളിലൂടെ കടന്നു പോകുന്നു....

    ReplyDelete