Friday, June 17, 2011

ഓരോ പെണ്ണും ഒരു ചോദ്യ ചിഹ്നമാണ്

പാദങ്ങളില്‍ സിന്ദൂരപ്പൊട്ടു ചുമക്കുന്നവര്‍.

അവസാനത്തെ തീവണ്ടി മുറിയിലിരുന്ന്

ബോധിവൃക്ഷത്തണലിനെ സ്വപ്നം കാണുന്നവര്‍.

ഇരുട്ടിന്റെ നട്ടെല്ലായി ആകാശത്തിലേക്കു

കയറിപ്പോകുന്നുണ്ട്‌ പാളങ്ങള്‍...

ഞെരിഞ്ഞിലും മുന്തിരിചെടിയും

ചരിത്ര ഭൂപടങ്ങള്‍ തിരുത്തി വരയുന്നിടത്ത്

മൌനം കനപ്പിച്ച ചിരിയുമായി

കപിലവസ്തുവിലെ പാട്ടുകാരന്‍,

റെയില്‍വേ അന്വ ണ്‍സ് മെന്റ് ജപിച്ച്‌

ഭജനമിരിക്കുന്നു.

ഇല്ലങ്ങളില്‍ ചുട്ടുകൊല്ലപ്പെടുന്ന എലികളുടെ വിലാപം

കനത്ത മേലാപ്പില്‍ തട്ടി പ്രതിഫലിക്കുമ്പോള്‍

ചോദ്യങ്ങള്‍ നിഴല്‍പീലി വിടര്‍ത്തിയാടുന്ന

കാലം വരുന്നുണ്ട് .

അപായചങ്ങല ദീനം പിടിച്ചു വിറയ്ക്കും.

കിഴക്കുദിക്കുന്ന സൂര്യനും കിഴക്കിന്റെ രാജാക്കന്മാരും

രക്തം കൊണ്ട് തീര്‍ത്ത ചുമര്ചിത്രങ്ങള്‍ക്ക്

ചിത്രലിപികളില്‍ അടിക്കുറിപ്പുകളെഴുതും.

കട്ടിപിടിച്ച ഇന്നലെകള്‍ ഓവ് ചാലുകളില്‍ കെട്ടിക്കിടക്കുന്നു ... ജന്മരഹസ്യം തേടി.

ചോദ്യങ്ങള്‍ ഉത്തരങ്ങളെ ചവിട്ടിമെതിക്കുന്ന

കാലം വരുന്നുണ്ട്.

സിന്ദൂരപ്പൊട്ടുകള്‍ കുടഞ്ഞെറിയണം.

പുത്തനൊരു പുളിവാറലുമായി

അടുക്കളയില്‍ അമ്മ നോക്കിയിരിപ്പുണ്ട്‌ .

കളിക്കിടയില്‍ പെങ്ങളെ കരയിച്ച്

വിയര്‍ത്തുകുളിച്ചു കയറിവരുന്ന കള്ളക്കോമരങ്ങളെയും കാത്ത്‌.

ജീവിതം...ചോദ്യോത്തര വേളകളിലൂടെ പുരോഗമിക്കുന്ന ഒരു ലൈവ് കുക്കറി ഷോ..................

വളഞ്ഞു പുളഞ്ഞോരാദ്യക്ഷരം
യുഗാന്തര ഗര്‍ഭാശയഗളം കട-
ന്നീര്പ്പത്തില്‍ തെന്നിവീ
ണെന്നാലും പിടഞ്ഞുണര്‍ന്ന
കാലത്തിന്‍ യോനീകവാടത്തില്‍വ-
ന്നെത്തി നോക്കിച്ചിരിച്ചു ചോദിച്ചു
വരണോ ഞാന്‍?

ചളിയും കിതപ്പും
വിയര്‍പ്പും കണ്ണിരുതിരുമ-
രസനാഗ്ര തിരുമുറ്റത്തൊരു
തിരി തെളിയിക്കവേ വാക്ക് ചോദിച്ചു
വരണോ ഞാന്‍?

പേറ്റിച്ചി തലതിരിചെന്‍
കാല്പിടിചെന്‍തു ടക്കടിച്ച്
എന്നെ കരയിച്ച നാ-
ളറിഞ്ഞു ഞാനിതെന്‍
ഇതിഹാസ പുസ്തക പ്രഥമ പര്‍വ്വം
ഉയിരിന്നോര്‍മ്മ പിഴവി ന്നിടയിലൂടെന്‍
കണ്ണീരു ചോദിച്ചു
ഇനിയെത്ര നാള്‍?

അരിതളിക ചേറി
ഗുരുവിന്‍ മടിതട്ടിലിരിക്കവേ
പേടിച്ചു കസവ്പുടവ നനച്ചു
പുറത്തുവന്നെന്‍ മൂത്രകണം
എന്നോട് ചോദിച്ചു
എപ്പോഴും വരണമോ കൂട്ടായി ഞാന്‍??

ദിനപ്പത്രതാളില്‍
കുനിയനുറുമ്പ് പോല്‍
അരിച്ചിറങ്ങുമക്കക്കൂട്ടങ്ങളില്‍
ഞാന്‍ എന്നെ തിരയവേ
കാറ്റു ചോദിച്ചു
തോറ്റു പോയോ.........?

ഒന്നുമുരിയാടാതെ
മൂര്‍ധാവില്‍ കാക്ക കാഷ്ടിച്ചവനെന്നപോ
ലെന്നോട് ഞാന്‍ ചോദിച്ചു
നാരുന്നതെന്തു ?? ജീവിതം തന്നെയോ?

ഫയല്‍ താങ്ങി നടയെണ്ണി കാലിച്ചായ കോപ്പകളേറ്റി
തലയേക്കാള്‍ മുന്പിലെന്‍ കാല്‍ സഞ്ചരിക്കവേ
തല കാലിനൊടായിപ്പറഞ്ഞു
പതുക്കെ നടക്കൂ
ലേശവും കൂസാതെ കാലു ചോദിച്ചു
തലയേ, എനിക്കും നിനക്കും തമ്മിലെന്ത്?

ഇത് ജീവിതം
ചോദ്യോത്തര വേളകളിലൂടെ
പുരോഗമിക്കുന്ന
ഒരു ലൈവ് കുക്കറി ഷോ.................